ഷിരൂർ: ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്നും കണ്ടെടുത്ത മൃതദേഹം അർജുന്റെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയാണ് ഡിഎൻഎ ഫലം പുറത്തുവിട്ടത്. ഇതോടെ മൃതദേഹം കോഴിക്കോടുള്ള അർജുന്റെ വീട്ടിലെത്തിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
അർജുന്റെ മൃതദേഹാവശിഷ്ടങ്ങളുമായി എത്തുന്ന ആംബുലൻസിന്റെ സുരക്ഷാ ചുമതല കർണാടക പൊലീസിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥാനാണ് നൽകിയിരിക്കുന്നത്. ആംബുലൻസിൽ മൊബൈൽ ഫ്രീസർ അടക്കമുള്ള സൗകര്യങ്ങളുണ്ടെന്നും നാട്ടിലേക്ക് പുറപ്പെടുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും.
ജൂലൈ 16ന് ഷിരൂർ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ട്രക്ക് ഡ്രൈവറായ അർജുനെ കാണാതാവുകയായിരുന്നു. കരയിലും പുഴയിലുമായി 72 ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അർജുന്റെ ലോറി പുഴയിൽ നിന്നും ലഭിച്ചത്. നാവിക സേന അടയാളപ്പെടുത്തിയ പോയിന്റുകളിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.















