ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ശനിയാഴ്ച ദർശനം നടത്താനുള്ള തീരുമാനം റദ്ദാക്കി. തിരുപ്പതി ലഡ്ഡു ആരോപണങ്ങളിലൂടെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാൻ എന്നപേരിലാണ് ജഗൻ മോഹൻ തിരുപ്പതി ദർശനം പ്രഖ്യാപിച്ചിരുന്നത്. ക്ഷേത്രം സന്ദർശിക്കാൻ അനുമതി നിഷേധിച്ചുവെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവ് ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ TDP തള്ളിക്കളഞ്ഞു.
വൈഎസ്ആർ കോൺഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതിയിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. കണ്ടെത്തലിന്റെ ലാബ് റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വൈഎസ്ആർ കോൺഗ്രസ് ജഗൻ മോഹന്റെ തിരുമല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.
എന്നാൽ അഹിന്ദുക്കൾ തിരുമല ക്ഷേത്ര ദർശനം നടത്തണമെങ്കിൽ ഇതിനുവേണ്ടിയുള്ള പ്രസ്താവനയിൽ ഒപ്പിടണമെന്ന് ടിഡിപിയും സഖ്യകക്ഷിയായ ബിജെപിയും ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ ചട്ടപ്രകാരം വിദേശികളും അഹിന്ദുക്കളുമെല്ലാം ദർശനം നടത്തുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വെങ്കിടേശ്വരനോടുള്ള ഭക്തി അംഗീകരിക്കുന്ന പ്രസ്താവനയിൽ ഒപ്പിടണം. എന്നാൽ ഇതും വിവാദമാക്കാനായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ ശ്രമം. ഇതിനുപിന്നാലെയാണ് ക്ഷേത്ര ദർശനവും റദ്ദാക്കിയിരിക്കുന്നത്.