മസ്‌കറ്റ്: അസുഖ അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. സിക്ക് ലീവിന്റെ അനുമതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അവധി അംഗീകരിച്ചതിന്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഒമാനിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ സ്വകാര്യ മേഖലയിൽ മാത്രം 50,000ൽ പരം അസുഖ അവധികളാണ് അനുവദിച്ചത്.
എന്നാൽ ഇത് അർഹരായ വ്യക്തികൾക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ ഓഡിറ്റിങ് നടത്താനാണ് തീരുമാനം. സിക്ക് അവധി അർഹമായ രീതിയിൽ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മസ്‌ലഹി പറഞ്ഞു.
തൊഴിലാളികൾ അസുഖ അവധി ദുരുപയോഗം ചെയ്യുന്നത് സർക്കാർ, സ്വകാര്യ മേഖലയെ ദോഷകരമായി ബാധിക്കും. സ്ഥാപനങ്ങൾക്ക് ഇത് പ്രശ്‌നമായി തീരും. എന്നാൽ ഓഡിറ്റിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സിക്ക് അവധി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണെന്ന നിബന്ധന അടുത്തിടെ രാജ്യത്ത് പ്രാബല്യത്തിൽ വന്നിരുന്നു.







