ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ബോഗയ്ൻവില്ലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമാസ്വാദകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സസ്പെൻസ് ചിത്രമാണ് ബോഗയ്ൻവില്ല. പോസ്റ്ററിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഹൊററാണോ, കേസന്വേഷണമാണോ, ത്രില്ലറാണോ സിനിമ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം അഭിനയരംഗത്തേക്കുള്ള നടി ജ്യോതിർമയിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ.
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ ചടുലമായ നൃത്തച്ചുവടുകളായിരുന്നു വീഡിയോയിൽ.