വിഴിഞ്ഞം: മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ( എം.എസ്.സി) നീളം കൂടിയ രണ്ടാമത്തെ മദർഷിപ്പായ ‘അന്ന’ വിഴിഞ്ഞം തുറമുഖത്തടുത്തു. കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ക്ലൗഡ് ജിറാർ ഡെറ്റ് വിഴിഞ്ഞത്ത് വന്നുപോയതിനുശേഷമാണ് വെളളിയാഴ്ച അതേ നീളത്തിലുളള അന്നയെന്ന മദർഷിപ്പ് തുറമുഖത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും നീളം കൂടീയ രണ്ടാമത്തെ കപ്പലാണ് അന്ന .
ഇന്ത്യയിലെ തുറമുഖങ്ങളിൽ വന്നുപോയ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലാണ് ക്ലൗഡ് ജിറാർഡെറ്റ്. ഇതിന് 400-മീറ്റർ നീളവും 61.5-മീറ്റർ വീതിയുമാണുളളത്. ജലോപരിതലത്തിൽ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 16.7- മീറ്ററാണ്. ഇന്നലെ എത്തിയ അടുത്ത എം.എസ്.സി കപ്പലായ അന്നയുടെ വീതി 58.6 മീറ്ററും ആഴം 14.7- മീറ്ററുമാണ്.
ഔദ്യോഗിക രേഖകളിൽ കപ്പലിന് 399.98- മീറ്റർ നീളമാണുളളതെങ്കിലും 400 മീറ്റർ നീളമായി കരുതണമെന്ന് ഷിപ്പിങ് മേഖലയിലെ വിദഗ്ധർ പറഞ്ഞു.
സെർബിയൻ സ്വദേശി ക്യാപ്ടൻ ജൊവാനോവിക് സോറന്റെ നേത്യത്വത്തിൽ 20 ജീവനക്കാരുമായാണ് കപ്പലെത്തിയത്. ദുബായിലെ ജെബൽഅലി തുറമുഖത്ത് നിന്ന് ആണ് അന്ന ഇങ്ങോട്ടേക്ക് എത്തിയത്.
വിഴിഞ്ഞത്തടുത്ത എം.എസ്.സിയുടെ പതിനൊന്നാമത്തെ കപ്പലും ഇവിടെ എത്തിയ 14-ാമത്തെ കപ്പലുമാണിത് . കപ്പലിൽ നിന്ന് 6000 ത്തോളം കണ്ടെയ്‌നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം തിങ്കളാഴ്ചയോടെ കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയേക്കും.
ഒക്ടോബർ അവസാനത്തോടെ തുറമുഖത്തിന്റെ കമ്മീഷനിങ് നടത്തുമെന്ന് തുറമുഖ മന്ത്രി വി.എൻ.വാസവൻ അറിയിച്ചിരുന്നു.















