കാസർകോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലെത്തി. 5.50 ഓടെ മൃതദേഹം കോഴിക്കോട് അതിർത്തിയായ അഴിയൂരിലെത്തി. കേരള വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, എംഎൽഎ കെ. കെ രമ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. കോഴിക്കോട് പുളാടിക്കലിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ മൃതദേഹം ഏറ്റുവാങ്ങി അന്തിമോചാരം അർപ്പിക്കും.
പുലർച്ചെ രണ്ടരയോടെ ആംബുലൻസ് വ്യൂഹം കാസർകോടെത്തിയപ്പോൾ അന്തിമോചാരം അർപ്പിക്കാൻ നിരവധി പേർ കാത്തു നിന്നിരുന്നു. കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ എന്നിവരും അർജുന് അന്തിമോചാരം അർപ്പിച്ചു.
ആംബുലൻസ് വ്യൂഹം കാസർകോട് പിന്നിട്ട് കണ്ണൂരിലെത്തി. ഇവിടെ നിന്നും 6 മണിയോടെ മൃതദേഹം കോഴിക്കോടെത്തുമെന്ന് അധികൃതർ പറഞ്ഞു. അർജുൻ അവസാനമായി യാത്ര ചെയ്ത അതേവഴികളിലൂടെയായിരുന്നു ചേതനയറ്റ ശരീരവുമായി അർജുന്റെ മടക്ക യാത്രയും.
ഇന്നലെ ഉച്ചയോടെ ഡിഎൻഎ ഫലം പുറത്തുവന്നതോടെ മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകുകയായിരുന്നു. തുടർന്ന് കാർവാറിൽ നിന്നും കർണാടക പൊലീസും എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. രാവിലെ 8.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്‌ക്ക് സംസ്‌കാരം.
കഴിഞ്ഞ ജൂലൈ 16ന് ഷിരൂർ അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ട്രക്ക് ഡ്രൈവറായ അർജുനെ കാണാതാവുകയായിരുന്നു. കരയിലും പുഴയിലുമായി 72 ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അർജുന്റെ ലോറി പുഴയിൽ നിന്നും ലഭിച്ചത്. നാവിക സേന അടയാളപ്പെടുത്തിയ പോയിന്റുകളിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിന്നും അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കുകയായിരുന്നു.