കോഴിക്കോട്: കുത്തിയൊഴുകുന്ന ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്ക് അവനെ വിട്ടിനൽകാൻ കേരളക്കര തയ്യാറായില്ല. നീണ്ട 72 ദിവസത്തെ കഠിന പരിശ്രമങ്ങൾക്കും തെരച്ചിലിനുമൊടുവിൽ ചേതയറ്റ അർജുന്റെ മൃതദേഹം ജന്മനാട്ടിലെത്തിയപ്പോൾ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത് ആയിരക്കണക്കിന് ജനങ്ങൾ. അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് വ്യൂഹം വിലാപയാത്രയുമായി കണ്ണാടിക്കൽ ഗ്രാമത്തിലെത്തി.
അന്ത്യാഞ്ജലി അർപ്പിക്കാനായി വിദൂര സ്ഥലങ്ങളിൽ നിന്നും നൂറ് കണക്കിന് ആളുകളാണ് അർജുന്റെ പ്രിയപ്പെട്ട കണ്ണാടിക്കൽ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. അർജുനെ നേരിട്ട് പരിചയമില്ലാത്തവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാവിലെ 7.30 ഓടെ പൂളാടിക്കുന്നിൽ നിന്ന് തുടങ്ങിയ വിലാപയാത്ര 8.30 ഓടെ കണ്ണാടിക്കലിൽ എത്തി. കാൽനടയായാണ് നാട്ടുകാർ ആംബുലൻസ് വ്യൂഹത്തെ അനുഗമിച്ചത്.
മൃതദേഹം വീട്ടിൽ എത്തിച്ച ശേഷം ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിട്ടുനൽകും. അതിന് ശേഷം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും. ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും.















