കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിൽ മരിച്ച ട്രക്ക് ഡ്രൈവർ അർജുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. അമരാവതി വീടിന്റെ ചാരെയാണ് അർജുൻ അന്ത്യവിശ്രമം കൊള്ളുന്നത്. കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും അടക്കമുള്ളവർ അന്ത്യഞ്ജലി അർപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് കണ്ണാടിക്കൽ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അന്ത്യയാത്രയാണ് അർജുന് ജന്മനാടി നൽകിയത്. മൃതദേഹം ഏറ്റവാങ്ങാൻ നിരവധി പേരാണ് എത്തിയത്. കേരളാ അതിർത്തിയായ തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും കണ്ണൂരിലും ഇതുവരെ കണ്ടിട്ടില്ലാത്ത അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നൂറുക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.
കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂർ പിന്നിട്ട് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. ഏഴരയ്‌ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര തുടങ്ങിയത്. കേരള, കർണാടക പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും വിലാപയാത്രയെ അനുഗമിച്ചിരുന്നു.