ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ നിന്ദ്യമായ പരാമർശത്തിൽ മാലദ്വീപ് പ്രസിഡന്റ് പൊതുവേദിയിൽ ഖേദം പ്രകടിപ്പിച്ചു. ആരും അത്തരം കാര്യങ്ങൾ പറയരുതെന്നും ഞാൻ അവർക്കെതിരെ നടപടിയെടുത്തെന്നും മുഹമ്മദ് മുയിസു പറഞ്ഞു. ആദ്യമായാണ് മുഹമ്മദ് മുയിസു വിവാദ പ്രസ്താവനയെ കുറിച്ച് പൊതുവേദിയിൽ പ്രതികരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനയ്‌ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി. പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചു. തുടര്‍ന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ മാലദ്വീപില്‍ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. പിന്നാലെ നിരവധി ഇന്ത്യക്കാര്‍ മാലദ്വീപ് യാത്ര റദ്ദാക്കുകയും ചെയ്തു. ഇതോടെ ടൂറിസം പ്രധാന വരുമാനമാർഗമായ മാലദ്വീപിന്റെ വരുമാനം ഗണ്യമായി കുറഞ്ഞു.
അപകടം തിരിച്ചറിഞ്ഞ ഭരണാധികാരികൾ രാജ്യത്തെ ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് രംഗത്തെത്തി. തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനുളള നടപടികൾ മാലദ്വീപ് ആരംഭിച്ചു. ജനുവരിയില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ സെപ്തംബർ ആദ്യം മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ രാജിവെക്കുകയും ചെയ്തു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻതന്നെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യം മാലദ്വീപ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.















