ഗാസ : ഹിസ്ബുല്ലയ്‌ക്കെതിരെ ശക്തമായ തിരിച്ചടികൾക്കുള്ള തയ്യാറെടുപ്പുകളുമായി ഇസ്രായേൽ . ലെബനൻ വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സൈന്യം അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു . ഇസ്രായേൽ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്നും സൂചനകളുണ്ട്.
ഹിസ്ബുല്ല റോക്കറ്റ് ആക്രമണം തുടർന്നാൽ പലസ്തീന്റെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. “നമ്മൾ ആകാശത്ത് നിന്നും കടലിൽ നിന്നും ആക്രമിക്കുകയാണ് . നിങ്ങൾ ഇനി ഒരു കര ആക്രമണത്തിന് തയ്യാറാവണം” എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് സൈനികരോട് പറഞ്ഞത് .
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎൻ ഏജൻസിയുടെ കണക്കനുസരിച്ച് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 30,000-ത്തിലധികം ആളുകൾ, ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തു.
കമാൻഡർമാരും, കരുതൽ സേനയും ലെബനൻ വടക്കൻ അതിർത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും ഇസ്രായേലി സൈനിക വാഹനങ്ങളും കൊണ്ടുപോകുകയാണ്. ഹിസ്ബുല്ല വെടിമരുന്ന് സംഭരണ കേന്ദ്രങ്ങൾക്ക് സമീപമുണ്ടെന്ന് അവകാശപ്പെടുന്ന വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യുഎന്നിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെ അപലപിച്ചു . ‘ ഏകദേശം ഒരു വർഷമായി ഈ അസഹനീയമായ സാഹചര്യം ഇസ്രായേൽ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അത് മതിയാക്കുകയാണെന്ന് പറയാനാണ് ഞാൻ ഇന്ന് ഇവിടെ വന്നത്,” എന്നും നെതന്യാഹു പറഞ്ഞു.