അബുദാബിയിലെ യാസ് ഐലൻസിൽ IIFA അവാർഡ് 2024 അരങ്ങേറുകയാണ്. താരസമ്പന്നമായ അവാർഡ് നിശയിൽ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരപ്രമുഖർ പങ്കെടുത്തു. മൂന്ന് ദിവസത്തെ പുരസ്കാരദാന ചടങ്ങ് ഞായറാഴ്ചയാണ് അവസാനിക്കുക. ഒന്നാം ദിനമായ IIFA ഉത്സവത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമയിലെ മികച്ച കലാസൃഷ്ടികളാണ് ആദരിക്കപ്പെട്ടത്. തെന്നിന്ത്യൻ താരങ്ങളായ റാണ ദഗ്ഗുബട്ടിയും തേജ സജ്ജയുമായിരുന്നു അവതാരകർ.
വളരെ വൈകാരികമായ നിമിഷങ്ങൾക്കും വേദി സാക്ഷിയായിരുന്നു. മികച്ച സംവിധായകനുള്ള (തമിഴ്) പുരസ്കാരം പൊന്നിയൻ സെൽവൻ 2-വിന് വേണ്ടി മണിരത്നത്തിനാണ് ലഭിച്ചിരുന്നത്. അവാർഡ് ഏറ്റുവാങ്ങുന്നതിനായി സംവിധായകൻ വേദിയിലെത്തി. നടി ഐശ്വര്യറായി ബച്ചനായിരുന്നു പുരസ്കാരം നൽകിയത്. അവാർഡ് ദാനത്തിന് ശേഷം മണിരത്നത്തിന്റെ കാലുതൊട്ട് വണങ്ങുകയായിരുന്നു നടി. അദ്ദേഹമെന്റെ ഗുരുവാണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ കൂടെ നിന്നിട്ടുള്ള വ്യക്തിയാണ്. മണിരത്നത്തിന്റെ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിയുക എന്നുള്ളത് മഹാഭാഗ്യമായി കരുതുന്നുവെന്നും ഐശ്വര്യ റായി പറഞ്ഞു. പൊന്നിയിൻ സെൽവനിലെ നന്ദിനി എന്ന കഥാപാത്രം ലഭിച്ചതിൽ അനുഗ്രഹീതയാണെന്നും ഈ വിജയം ടീമിനോടൊപ്പം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.
നന്ദിനി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഐശ്വര്യ റായിക്ക് തന്നെയായിരുന്നു മികച്ച നടിക്കുള്ള (തമിഴ്) പുരസ്കാരം ലഭിച്ചത്. മികച്ച നടനുള്ള (തമിഴ്) പുരസ്കാരം വിക്രമും സ്വന്തമാക്കി. പൊന്നിയിൻ സെൽവനിലെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയായിരുന്നു വിക്രം അവതരിപ്പിച്ചത്.
പുരസ്കാരങ്ങൾ
മികച്ച ചിത്രം (തമിഴ്): ജെയ്ലർ
മികച്ച നടൻ (തെലുങ്ക്): നാനി (ദസറ)
മികച്ച നടൻ (തമിഴ്): വിക്രം (പൊന്നിയിൻ സെൽവൻ 2)
മികച്ച നടി (തമിഴ്): ഐശ്വര്യ റായി (പൊന്നിയിൻ സെൽവൻ 2)
മികച്ച സംവിധായകൻ (തമിഴ്): മണിരത്നം (പൊന്നിയിൻ സെൽവൻ 2)
മികച്ച സംഗീത സംവിധായകൻ (തമിഴ്): എആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 2)
Outstanding Achievement in Indian Cinema: ചിരഞ്ജീവി
Outstanding Contribution to Indian Cinema: പ്രിയദർശൻ
ഇന്ത്യൻ സിനിമയിലെ വുമൺ ഓഫ് ദ ഇയർ: സമാന്ത റൂത്ത് പ്രഭു
മികച്ച നെഗറ്റീവ് റോൾ (തമിഴ്): എസ്ജെ സൂര്യ ( മാർക്ക് ആൻ്റണി )
മികച്ച നെഗറ്റീവ് റോൾ (തെലുങ്ക്): ഷൈൻ ടോം ചാക്കോ ( ദസറ)
മികച്ച നെഗറ്റീവ് റോൾ (മലയാളം): അർജുൻ രാധാകൃഷ്ണൻ ( കണ്ണൂർ സ്ക്വാഡ് )
മികച്ച സഹനടൻ ( തമിഴ്): ജയറാം ( പൊന്നിയിൻ സെൽവൻ: II )
മികച്ച സഹനടി (തമിഴ്): സഹസ്ര ശ്രീ ( ചിത്ത )
ഗോൾഡൻ ലെഗസി അവാർഡ്: നന്ദമുരി ബാലകൃഷ്ണ
Outstanding Excellence in Kannada cinema: റിഷബ് ഷെട്ടി