ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും പേരെടുത്ത് വിമർശിച്ച അദ്ദേഹം ഇറാനും പരസ്യമായി വലിയ താക്കീതുകൾ നൽകി.
ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്നും അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടുമെന്നും ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.
ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും അദ്ദേഹം യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു. “കീഴടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടും. അതില്‍ മാറ്റമൊന്നുമില്ല.” നെതന്യാഹു പറഞ്ഞു.
ലബനോൻ ആസ്ഥാനമായ ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. “ഈ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്. ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവരെ ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നതു തുടരും” അദ്ദേഹം വ്യക്തമാക്കി.
നെതന്യാഹു തന്റെ യുഎൻ പ്രസംഗത്തിൽ ഇറാനെ ശക്തമായി താക്കീത് ചെയ്തു : “ടെഹ്‌റാനിലെ സ്വേച്ഛാധിപതികൾക്കുള്ള ഒരു സന്ദേശമുണ്ട്. നിങ്ങൾ ഞങ്ങളെ ആക്രമിച്ചാൽ ഞങ്ങൾ നിങ്ങളെ ആക്രമിക്കും.”
“ഇസ്രായേലിന്റെ നീണ്ട കൈയ്‌ക്ക് എത്താൻ കഴിയാത്ത ഒരു സ്ഥലവും ഇറാനിലില്ല, അത് മുഴുവൻ മിഡിൽ ഈസ്റ്റിന്റെ കാര്യത്തിലും ശരിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. കുറേക്കാലമായി ലോകം ഇറാനെ പ്രീണിപ്പിക്കുകയായിരുന്നു. അത് അവസാനിപ്പിക്കണം” അദ്ദേഹം ആവശ്യപ്പെട്ടു.
ലെബനൻ, ഇറാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നെതന്യാഹു തന്റെ പ്രസംഗത്തിനായി എഴുന്നേറ്റപ്പോൾ സദസിൽ നിന്ന് ഇറങ്ങിപ്പോയി.
“ഈ വേദിയിലെ പ്രസംഗകരിൽ പലരും എന്റെ രാജ്യത്തിനെതിരെ ഉന്നയിച്ച നുണകളും അപവാദങ്ങളും കേട്ടതിന് ശേഷം, ഇവിടെ വന്ന് സത്യം പറയാൻ ഞാൻ തീരുമാനിച്ചു,” എന്നാണ് നെതന്യാഹു തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞത്















