ഐക്യരാഷ്‌ട്രസസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ റോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ഭാവിക മംഗളാനന്ദൻ. പാകിസ്താന്റെ കപട നിലപാടുകളെ കുറിച്ച് തുറന്നടിച്ചതോടെ ആഗോളതലത്തിൽ തന്നെ ചർച്ചാ വിഷയമായിരിക്കുകയാണ് ഭാവിക.
ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ഭാവിക മംഗളാനന്ദൻ. തീവ്രവാദ വിരുദ്ധ, സൈബർ സുരക്ഷ സെക്രട്ടറി, ഫസ്റ്റ് കമ്മിറ്റി (നിരായുധീകരണം, അന്താരാഷ്‌ട്ര സുരക്ഷ), GA കോർഡിനേഷൻ, യുഎന്നിലെ ഇന്ത്യ (യുഎൻ സ്ഥിരം ദൗത്യം, ന്യൂയോർക്ക്) എന്നിവയുടെ ആദ്യ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് അവർ.
2015 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് അവർ. വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, 2011-ൽ ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എനർജി സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2011 ജൂൺ മുതൽ 2012 ഒക്ടോബർ വരെ ഷ്നൈഡർ ഇലക്ട്രിക്കിൽ സീനിയർ മാർക്കറ്റിംഗ് എഞ്ചിനീയർ ആയും ടാറ്റ കൺസൾട്ടൻസി സർവീസസിൽ അസിസ്റ്റൻ്റ് സിസ്റ്റംസ് എഞ്ചിനീയറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ യുഎൻജിഎയിൽ പാക് പ്രധാനമന്ത്രി 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനായി ആർട്ടിക്കിൾ 370 റദ്ദാക്കിയത് പിൻവലിക്കണമെന്ന് ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിനിധി ആഞ്ഞടിച്ചത്. വളരെ നാളുകളായി പാകിസ്താൻ അയൽ രാജ്യങ്ങൾക്കെതിരെ ഭീകരവാദം ആയുധമായി ഉപയോഗിക്കുകയാണെന്നും അത്തരമൊരു രാജ്യമാണ് ആക്രമണങ്ങളെ കുറിച്ച് സംസാരിക്കാൻ വരുന്നതെന്നുമായിരുന്നു ഭാവികയുടെ പരാമർശം.
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീർ. അവിടുത്തെ തെരഞ്ഞെടുപ്പ് ഭീകരരുടെ സഹായത്തോടെ തടസ്സപ്പെടുത്തനാണ് പാകിസ്താൻ ശ്രമിക്കുന്നത്. 1971-ൽ ന്യൂനപക്ഷ വംശഹത്യ നടത്തി അവരെ നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത ഒരു രാജ്യമാണ് അസഹിഷ്ണുതയെയും ഭയത്തെയും കുറിച്ച് സംസാരിക്കാൻ വരുന്നതെന്നും അവർ പരിഹസിച്ചു. കശ്മീരിനെ കുറിച്ച് പറഞ്ഞതൊ ന്നും ഒരുരീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്നും നുണകൾ പറഞ്ഞ് സത്യത്തെ നേരിടനാണ് അവരുടെ ശ്രമമെന്നും ഭാവിക ചൂണ്ടിക്കാണിച്ചു.















