ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിശേഷങ്ങൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. രൺബീറിന്റെ 42-ാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ആലിയയും മകൾ രാഹയും. ഇതിനിടയിൽ ആലിയ ആരാധകർക്കായി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.
ഒരു മരത്തിൽ ആലിയയും മകളും രൺബീറും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും വിദേശ രാജ്യത്ത് മകളെ എടുത്ത് രൺബീർ നിൽക്കുന്ന ചിത്രവുമാണ് ആലിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ”ചിലസമയത്ത് നമുക്ക് ആകെ വേണ്ടത് നല്ലൊരു കെട്ടിപ്പിടിത്തമാണ്.. അപ്പോൾ ഈ ജീവിതത്തിൽ നാം ഒന്നാണെന്ന് തോന്നും.” എന്ന അടിക്കുറിപ്പോടെയാണ് ആലിയ രൺബീറിന് പിറന്നാൾ ആശംസകൾ നേർന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ നിരവധി ആരാധകരും താരങ്ങളുമാണ് രൺബീറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
View this post on Instagram
നേരത്തെ, രാഹയ്‌ക്ക് ഉറങ്ങാൻ മലയാളം പാട്ട് വേണമെന്ന ആലിയയുട വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഉണ്ണി വാവാവോ എന്ന പാട്ട് കേട്ടാണ് മകൾ ഉറങ്ങുന്നതെന്നും ഈ ഗാനം രൺബീർ കാണാതെ പഠിച്ചെന്നും ആലിയ പറഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.















