തിരുവനന്തപുരം: ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ. പാറശ്ശാല ഗാന്ധിപാർക്കിന് സമീപം പ്രവർത്തിക്കുന്ന അബി ന്യൂട്രിഷ്യൻ സെന്റർ ഉടമ അഭിലാഷ് ബെർലിനെ (42) ആണ് പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ അടയ്‌ക്കാക്കുഴി സ്വദേശിയാണ് പ്രതി.
സെപ്തംബർ 25-നാണ് യുവതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. അടുത്ത ദിവസം പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ എത്തിക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നുവെന്ന് ജീവനക്കാരി നൽകിയ പരാതിയിൽ പറയുന്നു.
നിരവധി ലൈംഗികാതിക്രമ കേസുകളിലെ പ്രതിയാണ് അഭിലാഷ് ബെർലിനെന്ന് പൊലീസ് പറഞ്ഞു. 2022-ൽ പാറശ്ശാല പൊലീസ് സ്റ്റേഷനിലെ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കാഞ്ഞിരംകുളം, മാരായമൂട്ടം ,സ്റ്റേഷനുകളിലും പോക്സോ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















