ലക്നൗ: പാകിസ്താൻ മൂന്നായി വിഭജിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇങ്ങനെ പോയാൽ പാകിസ്താന്റെ നിർദേശപ്രകാരം ഇന്ത്യയിൽ ഭീകരത പടർത്തുന്നവർക്ക് ശവസംസ്‌കാരത്തിന് സ്ഥലം പോലും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പാകിസ്താന്റെ ചരമം പ്രവചിച്ചത്.
പാകിസ്താൻ ദൈനംദിനം കാര്യങ്ങൾക്ക് പോലും ഭീക്ഷ യാചിക്കേണ്ട സ്ഥിതിയാണ്. താമസിയാതെ ഓരോ തുള്ളി വെള്ളത്തിന് പോലും കൈനീട്ടേണ്ട അവസ്ഥ വരും. 1960 ലെ സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന കാര്യ ചൂണ്ടിക്കാട്ടി യോഗി പറഞ്ഞു.
ബലൂചിസ്ഥാനും പാക് അധിനിവേശ കശ്മീരും പാകിസ്താന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നില്ല. പട്ടിണി കിടന്ന് മരിക്കുന്നതിനുപകരം ജമ്മു കശ്മീരിന്റെ ഭാഗമാകാനാണ് അവർക്ക് താൽപ്പര്യം. അഖണ്ഡ ഭാരതം സാക്ഷാത്കരിക്കുന്നതിന് ഇവർ മുന്നോട്ട് വരുന്നത് അതിമനോഹരമായ കാഴ്ചയാണ്.
കോൺഗ്രസും പിഡിപിയും നാഷണൽ കോൺഫറൻസും കശ്മീരിനെ മതഭ്രാന്തിന്റെ കലവറയാക്കി മാറ്റി. ഇവരുടെ തണലിൽ തീവ്രവാദവും അഴിമതിയും പടർന്ന് പന്തലിച്ചു. എന്നാൽ ബിജെപി സർക്കാർ ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ വികസനത്തിന്റെ രുചിയറിഞ്ഞു. തീവ്രവാദ മേഖലയിൽ നിന്ന് ഒരു ടൂറിസം കേന്ദ്രമായി താഴ്വര മാറി. പ്രതിപക്ഷം യുവാക്കളെ തോക്ക് നൽകിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സർക്കാർ അവർക്ക് ടാബ്‌ലെറ്റുകൾ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.















