യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് (19) കാറപകടത്തിൽ പരിക്ക്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പിൽ പങ്കെടുക്കുന്നതിനായി ജന്മനാടായ അസംഗഢിൽ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റിരിക്കുന്നത്. നിലവിൽ ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഷീർ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ലക്നൗവിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് കാറിൽ മുഷീർഖാന്റെ കോച്ചും പിതാവുമായ നൗഷാദ് ഖാൻ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്ക് ഭേദമാകാൻ മൂന്ന് മാസത്തോളം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
മുംബൈയുടെ സൂപ്പർ ബാറ്ററും ക്രിക്കറ്റർ സർഫറാസ് ഖാന്റെ ഇളയ സഹോദരനുമാണ് മുഷീർ ഖാൻ. കഴുത്തിനേറ്റ പരിക്കിൽ വിശ്രമം ആവശ്യമായതിനാൽ വരുന്ന ഇറാനി കപ്പ്, രഞ്ജി ട്രോഫി എന്നീ ആഭ്യന്തര മത്സരങ്ങൾ മുഷീർ ഖാന് നഷ്ടമായേക്കും.















