ജയ്പൂർ: മഹാത്മാഗാന്ധിയുടെ പേരിലാണ് കോൺഗ്രസ് അഴിമതി നടത്തുന്നതെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. ഗാന്ധിയുടെ ഓർമയ്‌ക്കായി ‘ഗാന്ധി വാതിക’ മ്യൂസിയം നിർമിക്കുന്നതിന് വേണ്ടി അശോക് ഗെഹ്‌ലോട്ട് സർക്കാർ നടത്തിയത് വൻ അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. ജയ്പൂരിലെ ഗാന്ധി വാതിക മ്യൂസിയം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ പേരിൽ പോലും കോൺഗ്രസ് അഴിമതി നടത്തുകയാണ്. ഗാന്ധിയുടെ നയങ്ങളും തത്വവുമൊക്കെ മറന്നാണ് അവർ ഗാന്ധിയ്‌ക്ക് വേണ്ടി മ്യൂസിയം നിർമിച്ചത്. ഈ മ്യൂസിയം ബ്രിട്ടീഷുകാരെയാണ് പ്രകീർത്തിക്കുന്നത്. രാജസ്ഥാനിലെ മഹാറാണ പ്രതാപിനെ പോലെയുള്ള മഹത്മാക്കളെ അശോക് ഗെലോട്ട് മറന്നു. ഇന്ദിരാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഗാന്ധിജിയുമായി ഒരു ബന്ധവുമില്ലെന്നും മദൻ ദിലാവർ വിമർശിച്ചു.
ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമയാണ് ഗാന്ധി വാതിക മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവലോകന സന്ദർശനത്തിനിടെയായിരുന്നു മദൻ ദിലാവറിന്റെ വിമർശനം. ടൂറിസം, കലാ-സാംസ്കാരിക വകുപ്പിനാണ് വാതികയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബർ രണ്ടിന് മ്യൂസിയം തുറക്കാൻ സർക്കാർ തീരുമാനിച്ചത്.















