എറണാകുളം: ഏകീകൃത പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം ഒഴിവാക്കണമെന്ന് രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യാ പ്രവർത്തകസമിതി (RRKMS). പങ്കാളിത്ത പെൻഷൻ പിൻവലിച്ച് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ (യുപിഎസ്) പദ്ധതിയിൽ എൻപിഎസിൽ നിന്നും വ്യത്യസ്തമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക മിനിമം പെൻഷൻ ഉറപ്പാക്കുകയും, ഗ്രാറ്റിവിറ്റിയും, ഫാമിലി പെൻഷൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന തീരുമാനം പൊതുവേ സ്വീകാര്യമാണെങ്കിലും ജീവനക്കാരുടെ വിഹിതമായി 10 ശതമാനം തുക പിടിച്ചെടുക്കുന്നത് ഒഴിവാക്കി പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കണമെന്ന് രാഷ്‌ട്രീയ രാജ്യ കർമ്മചാരി മഹാ സംഘ് അഖിലേന്ത്യാ പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.
എറണാകുളത്ത് നടക്കുന്ന യോഗം ബിഎംഎസ് ദേശീയ നിർവ്വാഹക സമിതി അംഗം സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. RRKMS അഖിലേന്ത്യാ പ്രസിഡന്റ് വിപിൻ കുമാർ ഡോഗ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിഷ്ണു പ്രസാദ് വർമ്മ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. സുനിൽകുമാർ, അഖിലേന്ത്യാ സെക്രട്ടറി എസ്. കെ. ജയകുമാർ,ബി. എം. എസ്. സംഘടനാ സെക്രട്ടറി കെ. മഹേഷ്, കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു. യോഗം നാളെ വൈകുന്നേരം അവസാനിക്കും.