ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമെന്ന ആവശ്യത്തിൽ ഇന്ത്യയെ പിന്തുണച്ച് ഭൂട്ടാനും പോർച്ചുഗലും. നേരത്തെ യുഎസും ഫ്രാൻസും ബ്രിട്ടനും ഇന്ത്യയുടെ UNSC സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഎസ്, യുകെ, ചൈന, ഫ്രാൻസ്, റഷ്യ എന്നീ അഞ്ച് സ്ഥിരാംഗങ്ങളാണ് യുഎൻ സുരക്ഷാ കൗൺസിലിലുള്ളത്. ഈ രാജ്യങ്ങൾക്ക് ഏത് പ്രമേയത്തിലും തീരുമാനത്തിലും വീറ്റോ അധികാരം ഉപയോഗിക്കാൻ സാധിക്കും.
യുഎൻ കൗൺസിലിൽ സ്ഥിരാംഗമാകണമെന്ന് വർഷങ്ങളായി ഇന്ത്യ വിവിധ ആഗോള വേദികളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, UNSC യിൽ വീറ്റോ അധികാരമുള്ള ചൈന, ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടയിടുകയാണ്. സാമ്പത്തിക വളർച്ചയിൽ പ്രകടമായ മുന്നേറ്റവും ഗ്ലോബൽ സൗത്തിന്റെ നേതൃത്വവും ഉള്ള ഇന്ത്യ ഒരു സ്ഥിരം സീറ്റിന് അർഹമാണെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ പറഞ്ഞു. നിലവിലെ സുരക്ഷാ കൗൺസിൽ ഭൂതകാലത്തിന്റെ അവശിഷ്ടമാണെന്നും സമഗ്രമായ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
യുഎൻ സുരക്ഷാ കൗൺസിൽ സംവിധാനം കലഹരണപ്പെട്ടതാണെന്നും ഉടച്ചുവാർക്കലുകൾ അനിവാര്യമാണെന്നും പോർച്ചുഗീസ് പ്രധാനമന്ത്രി ലുസ് മോണ്ടിനെഗ്രോ പറഞ്ഞു. പ്രാതിനിധ്യം വിപുലീകരിക്കണമെന്നും ഇന്ത്യക്കും സ്ഥിരാംഗത്വത്തിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം യുഎൻ പൊതുസഭയിൽ പറഞ്ഞു.















