ന്യൂഡൽഹി: വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ച് 7,000 കിലോമീറ്റർ ദൈർഘ്യമുള്ള കാർ റാലി നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യോമസേനാ സ്റ്റേഷനുകളിലൊന്നായ ലഡാക്കിലെ തോയിസിൽ നിന്ന് അരുണാചൽ പ്രദേശിലെ തവാങ്ങിലേക്കാകും ‘വായു വീർ ജേതാ’ റാലി സംഘടിപ്പിക്കുക.
സമുദ്രനിരപ്പിൽ നിന്ന് 3,068 മീറ്റർ ഉയരത്തിലുള്ള വ്യോമസേനാ സ്റ്റേഷനാണ് തോയിസ്. ഒക്ടോബർ 29-ന് തവാങ്ങിലാകും റാലി അവസാനിക്കുക. തോയിസിൽ നിന്നുള്ള ഔദ്യോഗിക ഫ്ലാഗ്ഓഫിന് മുൻപായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഒക്ടോബർ ഒന്നിന് ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റാലിക്ക് യാത്രയയപ്പ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
ഐഎഎഫിന്റെ അഡ്വഞ്ചർ സെല്ലിന്റെ നേതൃത്വത്തിലാകും റാലി സംഘടിപ്പിക്കുക. വിവിധയിടങ്ങളിൽ നിന്നായി മുൻ വ്യോമസേന മേധാവികളും വനിതകളും ഉൾപ്പടെ 52 വ്യോമസേനാംഗങ്ങൾ റാലിയുടെ ഭാഗമാകും. വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും.
1932 ഒക്ടോബർ എട്ടിനാണ് ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്. സേനയുടെ മഹത്തായ ചരിത്രത്തെ കുറിച്ചും വ്യോമസേന യോദ്ധാക്കളുടെ കരുത്തും ജനങ്ങളെ അറിയിക്കാനും അവരിൽ അവബോധം വളർത്താനുമാണ് റാലി ലക്ഷ്യം വയ്‌ക്കുന്നത്. മാതൃരാജ്യത്തെ സേവിക്കാനായി യുവാക്കളെ ആകർഷിക്കുന്നതിൽ നിർണായകമാകും ഈ റാലി.