കോഴിക്കോട്: മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പ് ജോലിയുടെ ഉറപ്പ് പോലുമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രി മാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും വരുന്ന ഇടതു മുന്നണി യോഗത്തിൽ ഇതും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി നേതൃത്വത്തിന് ഒപ്പം മൂന്നാം തീയതി മുഖ്യമന്ത്രിയെ കാണും. ഇടത് പക്ഷത്തിന് ഉലച്ചിൽ ഉണ്ടാകുന്ന തീരുമാനം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. എൻസിപിക്കൊരു മന്ത്രി ഉണ്ടാകണമെന്ന് പ്രവർത്തകനെന്ന നിലയിൽ ആഗ്രഹമുണ്ടെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസ്ഥാനത്ത് നിന്ന് എ.കെ ശശീന്ദ്രൻ മാറുമെന്ന് എൻസിപി അദ്ധ്യക്ഷൻ പിസി ചാക്കേ ഇന്നലെ പറഞ്ഞിരുന്നു. ദേശീയ അദ്ധ്യക്ഷൻ ശരത് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാരിൽ രണ്ടര വർഷം പൂർത്തിയാക്കുന്ന ശശീന്ദ്രൻ ഒഴിയണമെന്നാണ് തോമസ് കെ. തോമസിന്റെ ആവശ്യം. നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാർട്ടിപിന്തുണ ലഭിച്ചിരുന്നില്ല. ശശീന്ദ്രനെ അനുകൂലിച്ചിരുന്ന പിസി. ചാക്കോ തോമസിനൊപ്പമായതോടെയാണ് മന്ത്രിമാറ്റ ചർച്ചകൾ വീണ്ടുപം തലപ്പൊക്കിയത്.















