ഗവേഷകരെ ആശങ്കാകുലരാക്കി കാലിന്റെ ഭാഗത്ത് ചെറിയ കൂൺ മുളച്ച ഒരു തവള.ഇന്ത്യയുടെ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്. ജീവജാലങ്ങളുടെ കോശങ്ങളിൽ വളരുന്ന ഒരു കൂൺ ഇതാദ്യമായാണ് കാണപ്പെടുന്നതെന്ന് ഗവേഷകർ പറഞ്ഞു. ഗോൾഡൻ ബാക്ക്ഡ് ഫ്രോഗ് (ഹൈലറാന ഇൻ്റർമീഡിയ) എന്നറിയപ്പെടുന്ന തവളയിൽ നടത്തിയ കണ്ടെത്തലുകൾ ഒരു പഠനമായി റീപ്‌റ്റൈൽസ് ആൻഡ് ആംഫിബിയൻസ് ജേണലിലാണ് ഗവേഷകർ പ്രസിദ്ധീകരിച്ചത്.
തവളയുടെ ദേഹത്ത് വളർന്ന കൂൺ ഒരു ബോണറ്റ് മഷ്റൂം (Mycena sp.) ആണെന്ന് പറയപ്പെടുന്നു. ഇത് സാധാരണയായി ചീഞ്ഞ മരത്തിൽ വളരുന്നു. തങ്ങളുടെ അറിവിൽ, ജീവനുള്ള തവളയുടെ പാർശ്വത്തിൽ നിന്ന് ഒരു കൂൺ മുളച്ചതായി ആദ്യം കാണുകയാണെന്ന് ഗവേഷകർ പറയുന്നു. കൂണിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ കണ്ടെത്തലിന്റെ പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ, കൂൺ മൃഗങ്ങളുടെ ചർമ്മത്തിൽ വളരുകയില്ല. കാരണം അവയെ നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ സാധാരണയായി അവയിൽ ഇല്ല. എന്നിരുന്നാലും, Batrachochytrium dendrobatidis എന്നറിയപ്പെടുന്ന പരാന്നഭോജിയായ ഫംഗസ് – സാധാരണയായി ചൈട്രിഡ് ഫംഗസ് എന്നറിയപ്പെടുന്നു – മൃഗങ്ങളുടെ ജീവന് ഒരു യഥാർത്ഥ ഭീഷണിയാണ്. ഇത് ആഗോള ഉഭയജീവികളുടെ എണ്ണം കുറയുന്നതിന് കാരണമായി.















