കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നവരെ നിയമപരമായി പോരാടുമെന്ന് ഗായിക അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി. ഫെയ്‌സ്ബുക്കിലൂടെ അഭിരാമി തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ പേര് വലിച്ചിഴച്ച യൂട്യൂബർമാർക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയത്.
നടൻ ബാലയും ഗായിക അമൃത സുരേഷുമായുളള പ്രശ്നങ്ങളുടെ പേരിൽ അഭിരാമി സുരേഷിനെതിരെയും സൈബറാക്രമണം നടന്നിരുന്നു. അടുത്തിടെ ബാലയെ കുറിച്ച് മകൾ അവന്തിക പറഞ്ഞ കാര്യങ്ങൾ വിവാദമായതിന് പിന്നാലെയും ഇത് ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് അഭിരാമിയുടെ പ്രതികരണം.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച വ്യക്തികളുടെ അക്കൗണ്ടുകളും സ്ക്രീൻഷോട്ടുകളും അഭിരാമി പങ്കുവച്ചിട്ടുണ്ട്. ഒരു തെളിവുകളും ഇല്ലാതെയാണ് തനിക്കെതിരെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞതെന്നും ആരോപണം ഉന്നയിച്ച യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും അഭിരാമി വ്യക്തമാക്കി.
സഹോദരിയുടെ മുൻ പങ്കാളികളുമായി താൻ ബന്ധമുണ്ടാക്കാൻ ശ്രമിച്ചെന്ന് ഉൾപ്പെടെയുള്ള അനാവശ്യ ആരോപണങ്ങളാണ് യൂട്യൂബർ ഉന്നയിക്കുന്നതെന്ന് അഭിരാമി ചൂണ്ടിക്കാട്ടി. അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ട ആനന്ദ് കൃഷ്ണ, യൂട്യൂബറായ വിജിരാജ് അഞ്ചൽ, റിതുൽ രാജ് എന്നിവർക്കെതിരെയാണ് അഭിരാമി കേസ് കൊടുത്തിരിക്കുന്നത്.
സഹോദരിയെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അവരുടെ ധാർമികതയെ ചോദ്യം ചെയ്യുകയും ചെയ്തു. മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഇവർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കുടുംബത്തെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കെതിരെയും താൻ നിയമപോരാട്ടം തുടരുമെന്നും അഭിരാമി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.