ചണ്ഡീഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. കോൺഗ്രസെന്നാൽ ‘ അഴിമതി, ദുർഭരണം, കുറ്റകൃത്യങ്ങൾ’ തുടങ്ങിയവയാണെന്ന് ജെപി നദ്ദ തുറന്നടിച്ചു. ഹരിയാനയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” വോട്ടുബാങ്കുകളെ മാത്രം ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസെന്നാൽ അഴിമതിയും ദുർഭരണവുമാണ്. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നേതാക്കൾ പാവപ്പെട്ടവരെയും കർഷകരെയും വളരെയധികം ചൂഷണം ചെയ്തു. കർഷകരെ വഞ്ചിച്ച് അവരുടെ നിലങ്ങൾ കുത്തക കമ്പനിക്കാർക്ക് കോൺഗ്രസ് വിട്ടു നൽകി. കോൺഗ്രസിന്റെ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യയുടെ ഭാവി തിളങ്ങുകയാണ്.”- ജെപി നദ്ദ പറഞ്ഞു.
കോൺഗ്രസ് ഹരിയാന ഭരിച്ചിരുന്ന കാലത്ത് ഭൂമി തട്ടിപ്പുകൾ ധാരാളമായിരുന്നു. പാവപ്പെട്ടവരുടെ ഭൂമി പണക്കാർ തട്ടിപ്പും വെട്ടിപ്പും നടത്തി തട്ടിയെടുക്കുമായിരുന്നു. നന്നായി പഠിക്കുന്ന കുട്ടികൾക്ക് പോലും കോൺഗ്രസിന്റെ കാലത്ത് തൊഴിൽ ലഭിച്ചിരുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു. എന്നാൽ ഇന്ന് ഭാരതത്തിന്റെ സ്ഥിതി അതല്ലെന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.
രാജ്യത്തെ യുവതി-യുവാക്കൾക്ക് ഇന്ന് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നു. അവർക്ക് രാജ്യത്തിന് അകത്തും പുറത്തും തൊഴിൽ ലഭിക്കുന്നു. ദാരിദ്ര്യം തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഭാരതം അതിവേഗം വളരുകയാണെന്നും ജെപി നദ്ദ വ്യക്തമാക്കി.