തിരുവനന്തപുരം: ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അംഗങ്ങളാക്കി സമിതി രൂപീകരിച്ചു.
ലൈംഗിക പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ മുകേഷിനെ സമിതിയിൽ നിന്ന് പുറത്താക്കണമന്ന ആവശ്യം ഉയർന്നിരുന്നു. കേസിൽ അറസ്റ്റിലായ മുകേഷ് നിലവിൽ ജാമ്യത്തിലാണ്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണാണ് സമിതിയുടെ അദ്ധ്യക്ഷൻ. ഫെഫ്കയുടെ പ്രതിനിധിയായിരുന്ന ബി ഉണ്ണികൃഷ്ണൻ സമിതിയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
സാംസ്കാരിക വകുപ്പിന്റെ മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു സമിതിയുടെ കൺവീനർ. മിനി ആന്റണി വിരമിച്ചതിനാൽ സമിതിയിൽ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കൺവീനറാകും. നടിമാരായ നിഖില വിമൽ, പത്മപ്രിയ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.