തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തും ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പരിശോധനയാണ് പി.വി അൻവറിന്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ചു വര്‍ഷത്തിനിടെ മലപ്പുറത്ത് നിന്ന് കോടികളുടെ സ്വര്‍ണവും ഹവാല പണവും പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അൻവറിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പൊലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തില്‍ എത്തുന്നത്. രാഷ്‌ട്രീയ നേട്ടം മാത്രമാണ് അൻവർ ലക്ഷ്യമിടുന്നത്. വര്‍ഗീയ വിഭജനം പ്രോത്സാഹിപ്പിക്കുന്ന മറ്റ് തീവ്രവാദ ഘടകങ്ങളും ഇതിനിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സര്‍ക്കാര്‍ മുസ്‌ലിം തീവ്രവാദ ഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍, ഞങ്ങള്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ ശക്തികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും അന്‍വറിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളും ഹവാല പണമിടപാട് സംഘങ്ങളുമാണെന്ന് ആരോപിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ കണക്കും മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. അന്നത്തെ അതേ നിലപാടാണ് അൻവറിനെതിരെ മുഖ്യമന്ത്രി അഭിമുഖത്തിലും ആവർത്തിച്ചത്.
കിഴ്ഘടകങ്ങളുമായി ചർച്ച ചെയ്യാതെ നിലമ്പൂരിലേക്ക് കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥിയാണ് പി. വി അൻവറെന്ന് കഴിഞ്ഞ ദിവസം സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. എ സുകു തന്നെ സമ്മതിച്ചിരുന്നു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ് അൻവറിന്റെ പേര് നിർദ്ദേശിച്ചത്. അതായത് അൻവറിന്റെ മാഫിയ ബന്ധം സിപിഎം ഇത്രയും കാലം അറിഞ്ഞില്ലെന്നാണോ അതോ കള്ളമുതൽ പങ്കുവെപ്പുമായി ബന്ധപ്പെട്ട് തർക്കമാണോ ഇപ്പോഴത്തെ പ്രശ്നമെന്ന് കണ്ടറിയേണ്ടി വരും.