തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും മൂന്ന് ഹനുമാൻ കുരങ്ങുകൾ പാർപ്പിച്ചിരുന്ന സ്ഥലത്തുനിന്നും പുറത്തേക്ക് ചാടി. മൃഗശാലയ്‌ക്കുള്ളിലെ മരത്തിന് മുകളിലാണ് മൂന്ന് കുരങ്ങുകളും നിലവിലുള്ളത്. തീറ്റ കാണിച്ച് ഇവയെ താഴെ ഇറക്കാനാണ് അധികൃതരുടെ ശ്രമം. മയക്കുവെടി വയ്‌ക്കുന്നത് പ്രായോഗികമല്ലെന്നും ഇവർ പറഞ്ഞു.
രാവിലെ തീറ്റ നൽകാനെത്തിയപ്പോഴാണ് അധികൃതർ മൂന്ന് ഹനുമാൻ കുരങ്ങുകളെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃഗശാലാ പരിസരത്തുള്ള വല്ലഭ മരത്തിനുമുകളിൽ മൂന്ന് കുരങ്ങുകളെയും കണ്ടെത്തിയത്. മൂന്ന് പെൺ കുരങ്ങുകളാണ് പാർപ്പിച്ചിരുന്നിടത്തുനിന്നും പുറത്തേക്ക് ചാടിയത്.
എന്നാൽ നിലവിൽ ഒരു കുരങ്ങിനെ മരത്തിനുമുകളിൽ കാണാനില്ലെന്ന് അധികൃതർ പറയുന്നു. ഇതെങ്ങോട്ടാണ് പോയതെന്ന് ജീവനക്കാർക്ക് അറിയില്ല. കുരങ്ങുകളെ യാതൊരുവിധത്തിലും പ്രകോപിപ്പിക്കേണ്ട എന്നാണ് അധികൃതർ നിലവിൽ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഇവരെ തീറ്റ കാണിച്ച് താഴെയിറക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇത്തരത്തിൽ ഒരു ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നും ചാടിപ്പോയിരുന്നു. ഇതിനെ അധികൃതർ ഏറെപണിപ്പെട്ടാണ് പിടികൂടി തിരികെയെത്തിച്ചത്.