എറണാകുളം: അമൽ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് അല്‍മായ ഫോറം നിവേദനം സമർപ്പിച്ചു.
ബോഗയ്ന്‍വില്ലയിലെ പ്രമോഷണൽ ഗാനമായ ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനത്തിനെതിരായാണ് പരാതി. ഗാനത്തിന്റെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ്. ഇത്തരം ഗാനം പ്രചരിക്കുന്നത് മലയാള സിനിമയക്ക് തന്നെ അപമാനമാണന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി ഇമെയിലിലൂടെ അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. വിനായക് ശശികുമാർ രചിച്ച ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഒപ്പം സുഷിന്‍ ശ്യാമും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.















