ലക്നൗ: ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത 1.5 ലക്ഷം രൂപയുടെ ഐഫോൺ തട്ടിയെടുക്കാൻ ഡെലിവറി ബോയിയെ കൊന്ന് കനാലിൽ തള്ളി. യുപിയിലെ നിഷാത്ഗഞ്ചിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്.
ചിൻഹാട്ട് സ്വദേശിയായ ഗജാനനും സുഹൃത്ത് ആകാശും ചേർന്ന് ക്യാഷ് ഓൺ ഡെലിവറിയായി 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ ഓർഡർ ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശശാങ്ക് സിംഗ് പറഞ്ഞു. പണം നൽകാതെ ഫോൺ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തൊടെയായിരുന്നു ക്യാഷ് ഓൺ ഡെലിവറി തെരഞ്ഞെടുത്തത്. സെപ്തംബർ 23 ന്, ഭരത് സാഹു (30) എന്ന ഡെലിവറി ബോയ് ഫോണുമായി ഗജനാന്റെ വീട്ടിൽ എത്തി. ഫോൺ കൈക്കലാക്കിയ പ്രതികൾ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഇന്ദിരാ കനാലിൽ ഉപേക്ഷിച്ചു.
രണ്ട് ദിവസമായിട്ടും ഭരത് സാഹു വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സെപ്തംബർ 25ന് കുടുംബം പൊലീസിൽ പരാതി നൽകി. സാഹുവിന്റെ ഫോൺ കോൾ രേഖകൾ പരിശോധിച്ച പൊലീസ്, അവസാനം വിളിച്ചത് ഗജാനനന്റെ നമ്പറാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ഡിസിപി പറഞ്ഞു. മൃതദേഹത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.















