ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചിട്ട് 10 വർഷം. ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 9,600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികൾക്ക് തുടക്കം കുറിക്കും.
അമൃത്, അമൃത് 2.0 എന്നീ പദ്ധതിക്ക് കീഴിലാണ് ശുചിത്വ പദ്ധതികൾ നടപ്പാക്കുന്നത്. ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കായി 6,800 കോടി രൂപയും ഗംഗാ തടത്തിലെ മാലിന്യ സംസ്‌കരണത്തിന് 1,550 കോടിയും ഉൾപ്പെടെയാണ് 9,600 കോടിയിലധികം രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നത്.
സ്വച്ഛത ഹി സേവ ക്യാമ്പയിന് കീഴിൽ 17 കോടിയിലധികം ജനങ്ങളുടെ പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികളാണ് ഇതുവരെ പൂർത്തിയാക്കിയത്. ഇതിനു പുറമെ, ‘മാതാവിന്റെ പേരിൽ ഒരു മരം നടാം’ ക്യാമ്പയിന് കീഴിൽ 45 ലക്ഷം വൃക്ഷത്തൈകളും രാജ്യത്തെമ്പാടും നട്ടുപിടിപ്പിച്ചു.
2014 ൽ ഗാന്ധിജയന്തി ദിനത്തിലാണ് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ രണ്ടാം ഘട്ടമായി 2018 സ്വച്ഛ്ത ഹി സേവ പദ്ധതിയും ആരംഭിച്ചിരുന്നു.















