അബുദാബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരെ നടപടി തുടർന്ന് അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് ഈ വർഷം ഇതുവരെ 21 റസ്റ്റോറന്റുകളാണ് അധികൃതർ അടച്ചുപൂട്ടിയത് .
റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ വകുപ്പാണ് അറിയിച്ചത്. ഹോട്ടലുകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും, നിർദേശങ്ങൾക്ക് വിരുദ്ധമായി ഭക്ഷണം സൂക്ഷിക്കുകയും മോശമായ രീതിയില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നതുമുൾപ്പെടെയുളള നിയമലംഘനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശനമായ നടപടിയുമായി അധികൃതർ രംഗത്തെത്തിയത്.
അബുദാബി സിറ്റി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലെ റസ്റ്റോറന്റുകളാണ് നടപടി നേരിടേണ്ടി വന്നത്. സെപ്റ്റംബർ മാസത്തിൽ മാത്രം നിയമലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളാണ് പൂട്ടിയത്.വരും ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും നിയമലംഘനങ്ങളിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രഥമ പരിഗണനയെന്നും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ടോള്‍ ഫ്രീ നമ്പറായ 800555ല്‍ വിളിച്ചറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.







