മലയാളികളുടെ മനസിൽ എന്നും തീരാനോവായി മാറുകയാണ് ട്രക്ക് ഡ്രൈവറായ അർജുൻ. ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും നീണ്ട 72 ദിവസത്തെ തെരച്ചിലിനൊടുവിൽ ലോറിക്കുള്ളിൽ നിന്നും മൃതദേഹം ലഭിച്ചപ്പോഴും അർജുന്റേതാകല്ലെയെന്നും അദ്ദേഹം മടങ്ങി വരണമെന്നും കേരളക്കര ഒന്നടങ്കം പ്രാർത്ഥിച്ചിരുന്നു. ഒടുവിൽ അർജുന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചപ്പോൾ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ജനാവലി തടിച്ചുകൂടി.
അവസാനമായി അർജുനെ ജീവനോടെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മലയാളികൾ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹങ്ങൾക്ക് മേയ്ക്കപ്പിലൂടെ ജീവൻ പകർന്നിരിക്കുകയാണ് ആളൂർ സ്വദേശിനിയായ നിവ്യ വിനീഷ്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
സമൂഹ മാദ്ധ്യമങ്ങളിൽ വന്ന അഭ്യർത്ഥനകൾ മാനിച്ചാണ് നിവ്യ തന്റെ മുഖത്ത് ചായങ്ങൾ കൊണ്ട് അർജുനെ സൃഷ്ടിച്ചത്. മൂന്ന് മണിക്കൂറോളം എടുത്താണ് നിവ്യ അർജുന്റെ മുഖം വരച്ചത്. പുരികം, താടി, മീശ എന്നിവ വരച്ച് ചേർത്തും മൂക്ക്, കവിൾ എന്നിവിടങ്ങളിൽ മാറ്റം വരുത്തിയുമാണ് നിവ്യ ‘ അർജുൻ’ ആയി മാറിയത്.
വീഡിയോ വൈറലായതോടെ യഥാർത്ഥത്തിൽ അർജുനെ കണ്ടതിന്റെ സന്തോഷത്തിലാണ് ഓരോ മലയാളികളും. വീഡിയോ പ്രചരിച്ചതോടെ അർജുന്റെ കുടുംബവും നിവ്യയെ വിളിച്ച് സന്തോഷം അറിയിച്ചു. ഇതിന് മുൻപും നിവ്യ, മമ്മൂട്ടി, സൂര്യ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ മുഖം തന്റെ മുഖത്ത് വരച്ച് കയ്യടി നേടിയിട്ടുണ്ട്.















