തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാൻ സർക്കാർ ചെലവഴിക്കുന്നത് കോടികൾ. ഈ വർഷം മാത്രം അഞ്ച് കോടി രൂപയാണ് പിആർ വർക്കിനായി മാറ്റിവെച്ചിരുന്നത്. പിണറായി സർക്കാരിന്റെ രണ്ടാം വർഷികാഘോഷത്തിന് 16 കോടിയും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുടെ പരിപാലനത്തിന് നാല് കോടിയുമാണ് ചെലവഴിച്ചത്. ഇതിന്റെ രേഖകൾ ജനം ടിവിക്ക് ലഭിച്ചു.
‘ദ ഹിന്ദു’ ദിനപത്രത്തിൽ പിആർ ഏജൻസി മുഖേന നൽകിയ അഭിമുഖം വിവാദമായ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം ജനം ടിവി നടത്തിയത്. ഏറ്റവും കൂടുതൽ പിആർ നടക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ്. ഈ വർഷം മാറ്റിവെച്ച അഞ്ച് കോടി രൂപയിൽ നല്ലൊരു പങ്കും സ്വകാര്യ ഏജൻസികൾക്കാണ് കൈമാറുന്നത്. ഈ തുകയിൽ നിന്നാണ് ‘ദ ഹിന്ദു’വിലേത് പോലുളള അഭിമുഖങ്ങൾ സ്വകാര്യ ഏജൻസി വഴി പ്രസിദ്ധീകരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിനെക്കാൾ കൂടുതൽ തുകയാണ് രണ്ടാം സർക്കാർ പിആർ പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ‘നവകേരള സദസിന്’ 100 കോടിലധികവും ‘മുഖാമുഖം’ പരിപാടിക്ക് 20 കോടിയിലധികവും ചെലവഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ദൃശ്യമാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ ഒരു എപ്പിസോഡിന് വേണ്ടി ലക്ഷങ്ങളാണ് നൽകുന്നത് . സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററിൽ പ്രദർശിപ്പാക്കാൻ കോടികളുടെ കരാറാണ് സ്വകാര്യ ഏജൻസികളുമായി ഉണ്ടാക്കിയത്. ഈ സ്വകാര്യ ഏജൻസികളെല്ലാം തന്നെ സിപിഎം നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവും പുറത്ത് വരുന്നുണ്ട്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കൽ ധൂർത്ത് പൊടിപൊടിക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പണം ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുന്ന സർക്കാർ പക്ഷെ സ്വകാര്യ പിആർ ഏജൻസികളുടെ പണം ഉടനടി കൊടുത്തു തീർക്കുന്നുണ്ടെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
പിആർ ഏജൻസിയുടെ സഹായം സർക്കാർ തേടുന്നില്ലെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നത്. നേരത്തെ ഇത്തരം ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രിയടക്കം അത് നിഷേധിക്കുകയായിരുന്നു. ജനങ്ങൾക്ക് തന്നെ അറിയാം പിആർ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടത്.
സർക്കാരിന്റെ പ്രവർത്തനം പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് പൊതുഭരണ വകുപ്പിന് കീഴിൽ ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻ വകുപ്പ് പ്രവർത്തിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് പുറമേ കോടികൾ ചെലവഴിച്ചാണ് ഒരോ വർഷവും ഇവിടെ കരാർ ജീവനക്കാരെ നിയമിക്കുന്നത്. ഈ സംവിധാനത്തെ ആകെ നോക്കുകുത്തിയാക്കി കൊണ്ടാണ് സ്വകാര്യ ഏജൻസികളുടെ സഹായം മുഖ്യമന്ത്രി തേടുന്നത്.















