ന്യൂഡൽഹി: ഇന്ത്യയുമായുള്ള ഇസ്രായേൽ ബന്ധം ആഴമേറിയതെന്ന് ഇന്ത്യയിലെ മുൻ ഇസ്രായേൽ അംബാസിഡർ ഡാനിയൽ കാർമൺ. ഇസ്രായേലിലെ നിലവിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു ഡാനിയലിന്റെ പ്രതികരണം.
” ഇന്ത്യ- ഇസ്രായേൽ ബന്ധം ദൃഢമാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം എക്കാലവും മികച്ച രീതിയിൽ കൊണ്ടുപോകാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ച് സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ട്. വരും ദിവസങ്ങളിലും സ്ഥിതിഗതികൾ രൂക്ഷമായി നിരീക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”- ഡാനിയൽ കാർമൺ പറഞ്ഞു.
ഗർഫ് രാജ്യങ്ങളുമായി ഇന്ത്യ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. എന്നാൽ ഹൂതികൾ കടൽ മാർഗം തടസപ്പെടുത്തുന്നത് ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങൾ നേരിടാനുള്ള എല്ലാതരം നൂതന സാങ്കേതികവിദ്യകളും ഇസ്രായേലിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.















