ഷിരൂർ: അർജുനായുള്ള തെരച്ചിൽ പ്രശസ്തിക്കും പണത്തിനും വേണ്ടി ചെയ്തതല്ലെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല സേവനം നടത്തുന്നത്. ഷിരൂർ തെരച്ചിലുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും താൻ ഇല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു.
” സേവനം മാത്രമേ ഞാൻ ഇത് വരെ നടത്തിയിട്ടുള്ളൂ. കേസ് കൊടുക്കുമെന്ന് പറയുന്നതിൽ എന്താണ് കാര്യമുള്ളത്? ഞാൻ കൊലപാതകമൊന്നും ചെയ്തിട്ടില്ല. എനിക്കെതിരെ കേസുള്ളതായും അറിവില്ല. പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇത് വരെ ഒന്നും ചെയ്തിട്ടില്ല. എനിക്ക് രണ്ട് ആംബുലൻസുണ്ട്. അതിന്റെ നടത്തിപ്പ് ചെലവിനായാണ് യൂട്യൂബ് വരുമാനം ഉപയോഗിക്കുന്നത്.”- ഈശ്വർ മാൽപെ പറഞ്ഞു.
വൈകാരികത വിറ്റ് കുത്തിനോവിക്കുകയാണെന്ന് പറഞ്ഞ് മനാഫിനെതിരെയും ഈശ്വർ മാൽപെയ്‌ക്കെതിരെയും ഇന്നലെയാണ് അർജുന്റെ കുടുംബം ശബ്ദമുയർത്തിയത്. അവസാന ഘട്ടങ്ങളിൽ അർജുനായുള്ള തെരച്ചിൽ പ്രശസ്തി ലഭിക്കാനും യൂട്യൂബിൽ ആളെ കൂട്ടാനും വേണ്ടി ഈശ്വർ മാൽപെ ദുരുപയോഗം ചെയ്തുവെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം. അർജുൻ മരിച്ചതിന് ശേഷവും വൈകാരികത വിറ്റ് കാശാക്കാനാണ് മനാഫും ഈശ്വർ മാൽപെയും ശ്രമിക്കുന്നതെന്നും അർജുന്റെ കുടുംബം പറഞ്ഞു.















