തിരുവനന്തപുരം: മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങിനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പിഎംജി യൂണിറ്റ് ആണ് ഇതിനായി എത്തിച്ചത്.
മൃഗശാല ഡയറക്ടർ അടക്കമുള്ള ജീ വനക്കാരുടെ നേതൃത്വത്തിലായിരുന്നു ഉദ്യമം. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഹനുമാൻ കുരങ്ങിനെ താഴെയിറക്കിയത്. ഇതോടെ കൂട്ടിൽ നിന്ന് പുറത്തു ചാടിയ മൂന്നു കുരങ്ങുകളെയും കൂട്ടിനകത്താക്കി.
രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലെത്തിച്ചിരുന്നു. മൃഗശാല വളപ്പിനുള്ളിലെ മരങ്ങളിലാണ് ഇവർ നിലയുറപ്പിച്ചിരുന്നത്. ഇതിൽ ഒരാളെ ഭക്ഷണം നൽകി കൂട്ടിൽ കയറ്റി. രണ്ടാമത്തെ കുരങ്ങിനെ വാച്ചർമാർ കയറുകെട്ടി മരത്തിൽ നിന്നും താഴെയിറക്കുകയായിരുന്നു. മനുഷ്യരുടെ സാന്നിധ്യം കുരങ്ങുകളെ താഴെയിറങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്ന വിലയിരുത്തലിൽ കഴിഞ്ഞ ദിവസങ്ങളിൽ മൃഗശാലയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.