ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്ക് കൂട്ടിയതോടെ BSNL-ലേക്ക് ചേക്കേറിയ നിരവധി ഉപഭോക്താക്കളുണ്ട്. BSNL യൂസേഴ്സിന് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ഇപ്പോൾ കമ്പനി നടത്തിയിരിക്കുന്നത്. പുതിയ ഓഫർ പ്രകാരം 24 ജിബി 4G ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്.
കമ്പനിയുടെ 25-ാം സ്ഥാപകദിനം ഒക്ടോബറിൽ ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. 24 ജിബി ഡാറ്റ സൗജന്യമായി സ്വന്തമാക്കുന്നതിന് പ്രധാനമായും രണ്ട് നിബന്ധനകളാണ് കമ്പനി മുന്നോട്ട് വയ്‌ക്കുന്നത്.
ഒക്ടോബർ ഒന്നിനും ഒക്ടോബർ 24നും ഇടയിൽ റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. 500 രൂപയ്‌ക്ക് മുകളിലുള്ള റീച്ചാർജ് വൗച്ചർ ഉപയോഗിക്കുന്നവർക്ക് അധിക ഡാറ്റയായി 24 ജിബി ലഭിക്കും. ഇത് തീർത്തും സൗജന്യവുമായിരിക്കും. ഇക്കാര്യം BSNLന്റെ എക്സ് അക്കൗണ്ടിലൂടെയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഓഫറെന്നും കമ്പനി പ്രത്യേകം പരാമർശിക്കുന്നു.















