തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം ശക്തമായോടെയാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഇന്ന് നടന്ന സിപിഐ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എഡിജിപി അജിത് കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. അൽപ്പം കൂടി കാത്തിരിക്കണം. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം കഴിഞ്ഞ ദിവസവും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. സിപിഐ നിലപാട് കടുപ്പിച്ചെങ്കിലും അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റാൻ ഇതുവരെയും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇടതുമുന്നണിയുടെ പ്രധാന ഘടകകക്ഷിയുടെ ആവശ്യം പോലും നിരാകരിച്ചത് സംബന്ധിച്ച് കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെക്കുറിച്ച് സിപിഐയുടെ വെളിപ്പെടുത്തൽ.















