ന്യൂഡൽഹി:മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങളിൽ ആശങ്ക അറിയിച്ച് ജി 7 നേതാക്കൾ. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണെന്നും, നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങൾ പോവുകയാണെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെതിരെ ഇറാൻ നേരിട്ട് നടത്തിയ സൈനിക ആക്രമണത്തേയും ശക്തമായി അപലപിക്കുന്നതായി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണങ്ങളും പ്രതികാരങ്ങളും ആർക്കും താത്പര്യമില്ലാത്ത രീതിയിൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ജി 7 നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഇറാന് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതകളടക്കം ഇവരുടെ പരിഗണനയിലുണ്ട്. ഇസ്രായേലിനെതിരായ ഇറാന്റെ നീക്കം മേഖലയിലെ സ്ഥിതിഗതികളെ വഷളാക്കുന്നതാണെന്ന അഭിപ്രായമാണ് നേതാക്കൾ പങ്കുവച്ചത്. ഇറാന്റെ നീക്കത്തെ ജി 7 നേതാക്കൾ അപലപിച്ചതായി വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിരുന്നു.
തങ്ങൾക്ക് നേരെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന കാര്യവും ഇവർ അംഗീകരിച്ചു. അതേസമയം എപ്പോൾ ഏത് രീതിയിൽ ഇസ്രായേൽ ഇറാന് മറുപടി നൽകുമെന്ന കാര്യം ഇവർ വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നീക്കങ്ങൾ ഇസ്രായേൽ വേഗത്തിലാക്കിയിട്ടുണ്ട്. കരയുദ്ധം ശക്തമാക്കുന്ന ലെബനൻ അതിർത്തിയിലെ നബാത്തിയാഹ് അടക്കം 25 ഇടങ്ങളിൽ നിന്ന് ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.