ബെയ്റൂട്ട് : ഇസ്രയേലിലെ ജാഫയിൽ ആക്രമണം നടത്താൻ ഇസ്ലാമിക് ഭീകരർ മറയാക്കിയത് മസ്ജിദാണെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ . ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച മസ്ജിദ് പൊളിക്കുമെന്നും ബെൻ ഗ്വിർ പറഞ്ഞു.
മുഹമ്മദ് മാസ്‌ക്, അഹമ്മദ് ഹിമൗനി എന്നിവരാണ് ആക്രമണം നടത്തിയ ഭീകരർ. ഇരുവരും പലസ്തീൻകാരും വെസ്റ്റ് ബാങ്കിലെ താമസക്കാരും ഹമാസുമായി ബന്ധമുള്ളവരുമായിരുന്നു. അനുമതി ഇല്ലാതെ ഇസ്രയേലിലേക്ക് കടന്ന ഇരുവരും പിന്നീട് മെട്രോ സ്‌റ്റേഷൻ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ രണ്ട് ഭീകരരും ആക്രമണം നടത്തുന്നതിന് മുമ്പ് ജാഫയിലെ അൽ നുഴ പള്ളി സന്ദർശിച്ചതായി കണ്ടെത്തി. സ്ത്രീകളുടെ ഗേറ്റ് വഴിയാണ് ഭീകരർ അകത്ത് കടന്നത്. രണ്ടുപേരും ശുചിമുറിയിൽ തോക്കുകൾ സൂക്ഷിച്ചിരുന്നു. മസ്ജിദിൽ നിന്ന് പുറത്തുപോകുന്നവരെ കൊല്ലുമെന്ന് പറഞ്ഞ് അവിടെയുള്ളവരെ ഭയപ്പെടുത്തി. പിന്നാലെ ഇരുവരും മസ്ജിദിൽ നിന്ന് പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നു.
ഭീകരാക്രമണത്തിന് മറയായി ഉപയോഗിച്ചത് പള്ളിയാണെന്ന് ബെൻ ഗ്വിർ പറഞ്ഞു. ആക്രമണം നടത്താൻ ഭീകരർ മസ്ജിദ് ഉപയോഗിച്ചുവെന്ന് സ്ഥിരീകരിച്ചാൽ അത് ഉടൻ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.