ടെൽഅവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദഹിയെ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ ഇവിടെ കനത്ത ആക്രമണമാണ് ഇസ്രായേൽ സൈന്യം നടത്തിയത്.
ഹിസ്ബുള്ളയുടെ അടുത്ത മേധാവിയായി ചുമതലയേൽക്കുമെന്ന് നേതൃത്വം അറിയിച്ച് ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഇവിടെ ഒരു ഭൂഗർഭ ബങ്കറിനുള്ളിൽ സഫിദ്ദീൻ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു നീക്കം. എന്നാൽ ആക്രമണത്തിൽ സഫിദ്ദീന് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഇസ്രായേൽ പുറത്ത് വിട്ടിട്ടില്ല.
ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഹാഷിം സഫിദ്ദീൻ ചുമതലയേൽക്കുമെന്ന് കഴിഞ്ഞ ദിവസം ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ളയുടെ ഏഴോളം നേതാക്കളെയാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ഇസ്രായേൽ വധിച്ചത്. ഹിസ്ബുള്ളയുടെ ആദ്യകാല അംഗങ്ങളിൽ ഒരാളായ ഹാഷിം സഫിദ്ദീൻ നസ്റല്ലയുടെ ബന്ധു കൂടിയാണ്. ഇറാനിൽ നിന്നും ഇസ്രായേലിലേക്ക് 180ഓളം മിസൈലുകൾ തൊടുത്തതിന് പിന്നാലെയാണ് ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രായേൽ കടുപ്പിച്ചത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും അറിയിച്ചിട്ടുണ്ട്.
അതേസമയം ഹസൻ നസ്റല്ലയുടെ ശവസംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്ന് റിപ്പോർട്ട്. നസ്റല്ലയുടെ മരണത്തെ തുടർന്ന് രാജ്യത്ത് അഞ്ച് ദിവസത്തെ ദു:ഖാചരണം ലെബനൻ പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുള്ള അനുകൂലികളായ നിരവധി പേർ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുന്നുണ്ട്.