വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. മുൻ ആമസോൺ സിഇഒയും പ്രസിഡൻ്റുമായ ജെഫ് ബെസോസിനെ മറികടന്നാണ് സക്കർബർഗ് ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 206.2 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ നിലവിലെ ആസ്തി.
ടെസ്ല സിഇഒ ഇലോൺ മസ്‌ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 256 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മസ്‌കിനുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള മെൻലോ പാർക്കിൽ 13% ഓഹരിയുടമയായ മാർക്ക് സക്കർ ബർഗിന്റെ സമ്പത്ത് ഈ വർഷം ഇതുവരെ 78 ബില്യൺ ഡോളർ വർദ്ധിച്ചു. ഇത് ബ്ലൂംബെർഗ് സൂചിക ട്രാക്ക് ചെയ്യുന്ന 500 സമ്പന്നരിലെ ഏതൊരു അംഗത്തേക്കാളും കൂടുതലാണ്.
ഓഹരിവിപണിയിൽ മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റിന്റെ ഓഹരികൾ കുതിച്ചുയരുന്നതും ഇതിന് സഹായകമായ ഘടകമായി വിലയിരുത്തപ്പെടുന്നു. 40 കാരനായ മെറ്റാ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സക്കർ ബർഗിന് ഈ വർഷത്തെ സാമ്പത്തിക സൂചികയിൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചിരുന്നു.