എറണാകുളം: കോതമംഗലത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തായിരുന്നു സിനിമാ ഷൂട്ടിംഗ്. ആനകളുടെ സീൻ ചിത്രീകരിക്കുന്നതിനിടെ പുതുപ്പള്ളി സാധുവും മറ്റൊരു ആനയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിൽ പരിക്കേറ്റ സാധു കാട്ടിലേക്ക് ഓടിക്കയറി. ആനയ്‌ക്കായുള്ള തെരച്ചിൽ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് പിടിയാനയെയും രണ്ട് കൊമ്പനാനകളെയുമാണ് ഷൂട്ടിംഗിനായി എത്തിച്ചത്. മറ്റ് ആനകളെ സ്ഥലത്ത് നിന്നും തിരിച്ചു കൊണ്ടുപോയി. സാധുവിനോട് ഏറ്റുമുട്ടിയ ആനയും വനത്തിലേക്ക് ഓടിക്കയറിയെങ്കിലും ഇത് തിരിച്ചെത്തിയിരുന്നു.















