ലക്നൗ : മകൾ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയെന്ന വ്യാജ ഫോൺസന്ദേശം ലഭിച്ചതിന് പിന്നാലെ സ്കൂൾ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു . ആഗ്രാ സ്വദേശി മാലതി വർമ്മയാണ് മരിച്ചത് . സെപ്റ്റംബർ 30-നാണ് മാലതീ വർമ്മയ്‌ക്ക് വ്യാജഫോൺ സന്ദേശം വന്നത്.
മകൾ സെക്സ് റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, അറസ്റ്റ് ചെയ്തതായും പറഞ്ഞായിരുന്നു സന്ദേശം . മാത്രമല്ല മകളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തടയാൻ ഒരു ലക്ഷം രൂപ ഉടൻ നൽകണമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് മാലതീവർമ്മ വിവരം മകളെ വിളിച്ച് അറിയിച്ചു . നമ്പരും കൈമാറി . എന്നാൽ സന്ദേശം വ്യാജമാണെന്നും , താൻ കോളേജിൽ തന്നെയുണ്ടെന്നും മകൾ അറിയിച്ചു. അതിന് പിന്നാലെ മാനസിക സമ്മർദ്ധം താങ്ങാനാകാതെ മാലതീ വർമ്മ കുഴഞ്ഞ് വീഴുകയായിരുന്നു . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അതേസമയം പൊലീസാണെന്ന വ്യാജേനയാണ് മാലതീവർമയെ അജ്ഞാതർ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.















