ബാംഗ്ലൂർ : എയ്‌റോ ഇന്ത്യ ബാംഗ്ലൂർ എയർഷോയുടെ 15-ാമത് എഡിഷന്റെ തീയതി നിശ്ചയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്‌റോ ഇന്ത്യ 2025 ഫെബ്രുവരി 10 മുതൽ 14 വരെ, യലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കും.
പ്രതിരോധ മന്ത്രാലയം, ഇന്ത്യൻ എയർഫോഴ്‌സ്, എച്ച്എഎൽ, ഡിആർഡിഒ, സിവിൽ ഏവിയേഷൻ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന എയ്‌റോ ഇന്ത്യ എയർ ഷോയിൽ രാജ്യത്തെയും വിദേശത്തെയും വ്യോമയാന മേഖലയിൽ നിന്നുള്ള നൂറുകണക്കിന് കമ്പനികൾ പങ്കെടുക്കും.
യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്റർ, സിവിൽ എയർക്രാഫ്റ്റ്, ചെറുവിമാനങ്ങൾ, മിസൈലുകൾ, ആയുധങ്ങൾ, റഡാർ സംവിധാനം, സ്പെയർ പാർട്സ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും സിവിൽ ഏവിയേഷനും പ്രദർശനത്തിലുണ്ടാകും.
ഇന്ത്യൻ എയ്‌റോസ്‌പേസ് വ്യവസായത്തിൽ നിന്നുള്ള നിരവധി നിർമ്മാതാക്കളും സേവന ദാതാക്കളും എയ്‌റോ ഇന്ത്യയിൽ വെച്ച് ഉപഭോക്താക്കളെ കാണും. ഭാരതീയ എയ്‌റോസ്‌പേസ് വ്യവസായത്തിന്റെ വളർച്ചയ്‌ക്കുള്ള മികച്ച വേദി കൂടിയാണ് എയ്‌റോ ഇന്ത്യ എക്‌സിബിഷൻ.
2023ൽ നടന്ന എയർ ഷോയുടെ 14-ാം പതിപ്പിൽ 6 ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു.















