മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹില്യനഗര്‍ എന്നു മാറ്റുന്നതിന് കേന്ദ്രാനുമതി. വെള്ളിയാഴ്ച നടന്ന മഹാരാഷ്‌ട്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം അറിയിച്ചത് . പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോൽക്കറിന്റെ സ്മരണാർഥമാണ് പുതിയ നാമം. ജില്ലയുടെ പേര് മാറ്റുന്നതില്‍ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നന്ദി അറിയിച്ചു.
അഹല്യ ദേവിയുടെ 300-ാം ജന്‍മവാര്‍ഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനം. ജില്ലയ്‌ക്ക് പുണ്യശ്ലോക് അഹല്യ ദേവിയുടെ പേര് നൽകണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായ ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം മേയിൽ അഹല്യഭായ് ഹോൽക്കറിന്റെ 298–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഹമ്മദ്നഗറിനെ അഹല്യനഗറാക്കാനുള്ള തീരുമാനം ഏക്നാഥ് ഷിൻഡെ ആദ്യമായി പുറത്തുവിടുന്നത്. അഹല്യനഗർ എന്ന് പേരിടുന്നതിൽ എതിർപ്പില്ലെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ സംസ്ഥാന, ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു.















