കണ്ണൂർ: മീഡിയ വൺ ചാനലും, അവതാരകരും നുണപ്രചരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. ആർഎസ്എസുകാരെ എന്തും പറയാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.
സൗഹാർദത്തോട് കൂടി കഴിഞ്ഞിരുന്ന നാടായ കേരളത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയതിൽ, വർഗീയപരമായ ദ്രൂവീകരണമുണ്ടാക്കിയതിൽ, കേരളത്തിന് അന്യമായിരുന്ന ഭീകരതയെ ഇങ്ങോട്ട് എത്തിച്ചതിൽ ജമാത്തെ ഇസ്ലാമിയും അതിന്റെ മാദ്ധ്യമങ്ങളും വഹിച്ച പങ്ക് പ്രസിദ്ധമാണ്. നേരത്തെ ‘മാദ്ധ്യമം’ പത്രമായിരുന്നു അത് ചെയ്തിരുന്നതെങ്കിൽ ദൃശ്യമാദ്ധ്യമരംഗത്തെ കാര്യമെടുത്താൽ അത് മീഡിയ വൺ ആയെന്ന് വത്സൻ തില്ലങ്കേരി ആരോപിച്ചു.
വാർത്തകൾ മാത്രമല്ല, വാർത്താധിഷ്ഠിത പരിപാടികളും രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരായി, ദ്രൂവീകരണ ശക്തികൾക്ക് വളം വച്ചുകൊടുക്കുന്ന രീതിയിലാണ്. അവക്ക് ആവശ്യമാായ ഇന്ധനം നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതുവരെയും അവർ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെവിടെയുമുള്ള ഭീകരശക്തികളെ വെള്ള പൂശുകയും അവരുടെ ഭീകര പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് വർഷങ്ങളായി മീഡിയ വൺ ചെയ്യുന്നത്.
‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന അവലോകന പരിപാടി രാഷ്‌ട്രത്തിനെതിരെയുള്ള ചിന്തകൾ പടർത്തുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. രാജ്യതാത്പര്യത്തിനെതിരായാണ് അവർ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. സമൂഹത്തിന്റെ സൗഹാർദത്തിനെതിരായിട്ട് വിഷവിത്ത് വിതയ്‌ക്കുകയാണ്. സംഘപരിവാറിനെ മാത്രമല്ല, അതിനപ്പുറത്തേക്ക് പ്രത്യേക ലക്ഷ്യം വച്ച് ഹിന്ദുക്കൾക്കെതിരായി, രാഷ്‌ട്രത്തിനെതിരായിട്ടുള്ള ചിന്തകളാണ് പ്രചരിപ്പിക്കുന്നത്.
ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. അവരുടെ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ മാർഗ തടസം ആർഎസ്എസാണ്. ജനാധിപത്യത്തെയും ദേശീയതയെയും മതതേതരത്വത്തെയും പരിപൂർണമായി എതിർക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാത്തെ ഇസ്ലാമിയെന്നും നുണപ്രചരണത്തിനെതിരെ നിയമപരകമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ പ്രതിയാണെന്നും നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നും നുണപ്രചരണം നടത്തുന്നതായാണ് ആരോപണം. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർക്ക് നേരെ സിപിഎം നടത്തിയ ബോംബാക്രമണത്തിലാണ് ശിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ശിഹാബിനൊപ്പം അമ്മുവമ്മ എന്ന വയോധികയും കൊല്ലപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും സിപിഎം പ്രവർത്തകരാണ്. ഈ സംഭവമാണ് മീഡിയ വൺ അവതാകരിൽ ഒരാളായ അജിംസ് വത്സൻ തില്ലേങ്കരിയുടെ മേൽ ചാർത്തുന്നത്.