രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഇന്നലെ ഛത്തീസ്ഗഡിലെ ബസ്തറിലുണ്ടായത്. അഭുജ്മാദ് വനമേഖലയിൽ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 31 പേരുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെടുത്തത്. വാസ്തവത്തിൽ മാവോയിസ്റ്റുകളെ തന്നെ ഞെട്ടിച്ച ഏറ്റുമുട്ടലാണ് നടന്നത്. 25 കിലോമീറ്ററോളം നടന്നാണ് സുരക്ഷാ സേന വനമേഖലയിലെത്തിയത്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (DRG), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (STF), സെൻട്രല് റിസേർവ് പൊലീസ് ഫോഴ്സ് (CRPF) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. മാവോയിസ്റ്റുകളെ ഞെട്ടിച്ചാണ് സേന ഇരച്ചെത്തിയത്. പത്ത് കിലോമീറ്റർ പരിധിയിൽ മണിക്കൂറുകളാണ് സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് സംഘങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ച പലരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏപ്രിലിൽ നടന്ന കാങ്കർ ഓപ്പറേഷന് ശേഷമുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ബസ്തറിലേത്.
മാവോയിസ്റ്റ് ആക്രമണങ്ങൾ ഛത്തീസ്ഗഡിൽ പതിവാണ്. നിബിഡ വനത്തിലിരുന്നാണ് മാവോയിസ്റ്റുകൾ കരുക്കൾ നീക്കുന്നത്. ‘അജ്ഞാതരുടെ കുന്നുകൾ’ എന്നാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായി അഭുജ്മാദ് വനമേഖല അറിയപ്പെടുന്നത്. തലയ്‌ക്ക് വിലയിട്ട കമാൻഡറായ ആർ.കെ എന്ന കമലേഷ്, സംഘത്തിന്റെ വക്താവായ നിതി എന്ന് വിളിക്കുന്ന ഊർമിള എന്നിവരെ ഉൾപ്പടെ സേനയ്‌ക്ക് വകവരുത്താൻ സാധിച്ചു. കമലേഷിനായി അഞ്ച് സംസ്ഥാനങ്ങളിൽ തിരിച്ചിൽ നടത്തി വരികയായിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് നിതിയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കമലേഷ് നോർത്ത് ബസ്തർ, തെലങ്കാനയിലെ നൽഗൊണ്ട, ബിഹാറിലെ മാൻപൂർ, ഒഡിഷയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സജീവമായിരുന്നു. ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ വരെ കമലേഷിന് സ്വാധീനമുണ്ടായിരുന്നു.
പ്രദേശത്ത് 50-ലേറെ മാവോയിസ്റ്റുകളുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സേന ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. ലൈറ്റ് മെഷീൻ ഗൺ (എൽഎംജി), എകെ 47, സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), ഐഎൻഎസ്എഎസ് റൈഫിളുകൾ, .303 കാലിബർ തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ സൈറ്റിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മുതിർന്ന ഭീകരരാണ് ഇവ സാധാരണയായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ കാങ്കർ ജില്ലയിൽ 15 സ്ത്രീകളടക്കം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായിരുന്നു ഇതിന് മുൻപുള്ള വലിയ മാവോയിസ്റ്റ് വേട്ട.
ഈ വർഷം മാത്രം 180-ലധികം മാവോയിസ്റ്റുകളെയാണ് ഛത്തീസ്ഗഡിൽ വധിച്ചത്. ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ വിജയകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ വരെ ബസ്തറിൽ 212-ലധികം മാവോയിസ്റ്റുകൾ അറസ്റ്റിലായി. 201 പേർ കീഴടങ്ങി.