തിരുവനന്തപുരം: പീഡനാരോപണ കേസിൽ നടൻ സിദ്ദിഖിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം നാർക്കോട്ടിക് സെല്ലാണ് നോട്ടീസ് അയച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. ജാമ്യം കിട്ടിയതിന്റെ അടുത്ത ദിവസം ഹാജരാകുമെന്ന് വിചാരിച്ചെങ്കിലും സിദ്ദിഖ് ഒളിവിൽ തുടരുകയായിരുന്നു. സിദ്ദിഖ് കേസന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ ഹാജരാകുമെന്നും അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹാജരാകാൻ തയാറാണെന്ന് അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് അയച്ചിരുന്നു. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾക്ക് ശേഷവും പൊലീസ് നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് കത്തയച്ചത്. ഈ മാസം 22-ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ട് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം.